അമൃത്സർ : പാകിസ്താൻ വഴിയുള്ള കള്ളക്കടത്ത് തകർത്ത് പഞ്ചാബ് പൊലീസ് . സംഭവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്ത പൊലീസ് 9.2 കിലോ ഹെറോയിൻ പിടിച്ചെടുത്തു.
അതിർത്തിയിൽ കള്ളക്കടത്തു നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം രാജസൻസി മേഖലയിൽ രഹസ്യ പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് 8.2 കിലോ ഹെറോയിൻ പൊലീസ് പിടികൂടിയതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ബചിതർ സിംഗ് , സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 95,000 രൂപയും ഒരു യന്ത്രത്തുലാസും ഒരു സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. ഇവർക്ക് മേൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ( എൻഡിപിഎസ് ) നിയമത്തിലെ സെക്ഷൻ 21 – സി, 23 /29 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രഞ്ജിത്ത് അവന്യു ബൈപ്പാസിൽ നടന്ന പരിശോധനയിലും ലഹരിവസ്തുക്കൾ പൊലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒരു കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടികൂടിയവർക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന് അമൃത്സർ പൊലീസ് കമ്മിഷണർ രഞ്ജിത്ത് സിംഗ് ധില്ലൻ അറിയിച്ചു. ഇവരുമായി ബന്ധമുള്ള വിതരണക്കാരെയും, ഡീലർമാരെയും, ഉപഭോക്താക്കളെയും കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.