ന്യൂഡൽഹി: മാറ്റിവച്ച സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. യുജിസി നെറ്റ് (UGC NET ) , സിഎസ്ഐആർ യുജിസി നെറ്റ് (Joint CSIR UGC NET ), എൻസിഇടി (NET) എന്നീ പരീക്ഷകളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്.
പുതിയ അറിയിപ്പ് പ്രകാരം 2024 ജൂണിലെ യുജിസി നെറ്റ് (UGC NET ) പരീക്ഷകൾ ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടക്കുള്ള തീയതികളിൽ നടക്കും. സിഎസ്ഐആർ യുജിസി നെറ്റ് (Joint CSIR UGC NET ) പരീക്ഷകൾ ജൂലൈ 25 മുതൽ ജൂലൈ 27 വരെയുള്ള തീയതികളിലും, എൻസിഇടി ( NCET ) പരീക്ഷ ജൂലൈ 10 നും നടക്കും. അതേസമയം ഓൾ ഇന്ത്യ ആയുഷ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നേരത്തെ തീരുമാനിച്ച പ്രകാരം ജൂലൈ 6 നടക്കും.
യുജിസി-നെറ്റ് പരീക്ഷ ഉൾപ്പെടെ ഈ പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. നേരത്തെ, യുജിസി നെറ്റ് ജൂൺ 2024 സൈക്കിൾ പരീക്ഷ പെൻ & പേപ്പർ (ഓഫ്‌ലൈൻ) രീതിയിൽ നടന്നിരുന്നു. പക്ഷെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് ഇത് ഇപ്പോൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.nta.ac.in സന്ദർശിക്കാം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജൂൺ 19 നാണ് യുജിസി നെറ്റ് പരീക്ഷകൾ മാറ്റിവയ്‌ക്കുന്നതായി അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ചയുടെയും ഗ്രേസ് മാർക്കിന്റെയും ഉൾപ്പെടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷയിൽ കൂടുതൽ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷകൾ മാറ്റിവച്ചത്.















