ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ ബാറ്റിൽ നിന്ന് അത്ഭുതങ്ങൾ പിറക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തിലുമെല്ലാം താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 10.71 ശരാശരിയിൽ ഏഴ് മത്സരത്തിൽ നിന്ന് നേടിയത് വെറും 75 റൺസ്. പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയുമെല്ലാം ഫൈനലിൽ കോലിയുടെ മികച്ച ഇന്നിംഗ്‌സ് കാണാനാവുമെന്നാണ് വിമർശകരോട് പറഞ്ഞത്. ഇപ്പോഴിതാ 2011-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ എംഎസ് ധോണിയുടെ പ്രകടനം ഇന്ന് നടക്കുന്ന ഫൈനലിൽ കോലി ആവർത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
കോലിയെ പോലെ തന്നെ 2011-ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം എംഎസ് ധോണിയും ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്നു. എന്നാൽ ഫൈനലിൽ പുറത്താകാതെ നേടിയ 91 റൺസുമായി താരം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. നുവാൻ കുലശേഖരയുടെ ഓവറിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്ന സിക്‌സർ എല്ലാവരുടെയും മനസിലുണ്ട്. ആ സിക്‌സറായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പിൽ ഇന്ത്യ 6 വിക്കറ്റിന് ജയിക്കാൻ കാരണമായത്. ഇത് കോലി ആവർത്തിക്കുമെന്നാണ് കൈഫ് പറയുന്നത്.
”തനിക്ക് നേരെ വരുന്ന പന്തുകളെ പ്രഹരിക്കാനുള്ള ശേഷി കോലിക്കുണ്ട്. അതുകൊണ്ട് താൻ മോശം ഫോമിലാണെന്ന കാര്യം താരം മറക്കണം. 2023-ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലി സെഞ്ച്വറി നേടിയിരുന്നു. കൃത്യമായ ഷോട്ടുകളാണ് അന്ന് കോലിയുടെ ബാറ്റിൽ നിന്ന് പിറന്നത്.” -കൈഫ് പറഞ്ഞു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസുകൾ സ്വന്തമാക്കിയ താരം വിരാട് കോലിയാണ്. 1216 റൺസാണ് വിരാട് നേടിയത്. രോഹിത് ശർമ്മയാണ് പട്ടികയിൽ രണ്ടാമത്. ഇരുവരും തമ്മിലുള്ള വ്യത്യാസം 5 റൺസ് മാത്രമാണ്.















