ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിംഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ഒരു ടീം ആദ്യമായാണ് 600 റൺസിന് മേലെ സ്കോർ ചെയ്യുന്നത്. രണ്ടാം ദിനവും ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ പിറന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (69), റിച്ചാ ഘോഷ് (86) എന്നിവരാണ് ഇന്ന് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത്. റിച്ചാ ഘോഷ് പുറത്തായതോടെ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ആദ്യദിനം ഇരട്ട ശതകം നേടിയ ഷഫാലി വർമ്മ, സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്.
മറുപടി ബാറ്റിംഗിൽ ലോറ വോൾവാൾഡ്(20) അന്നെകേ ബോഷ്(39) എന്നിവർ നിറം മങ്ങിയപ്പോൾ സുനെ ലസ്(65), മാരിസാന്നെ കാപ്പ് (69*) എന്നിവർ അർദ്ധസെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിനെ പുറത്താക്കി ദീപ്തി ശർമ്മയാണ് 93 റൺസിന്റെ കൂട്ടുക്കെട്ട് പാെളിച്ചത്. സ്നേഹ റാണയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ഡെൽമി ടക്കറാണ്(0) പുറത്തായ മറ്റൊരു താരം. രണ്ടാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 236/4 എന്ന നിലയിലാണ്. 367 റൺസ് പിന്നിലാണ്.