വയനാട്: യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന സ്വദേശി മീനയാണ് മരിച്ചത്. 42 വയസായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസമായി മീനയെ കാണാനില്ലായിരുന്നു. തുടർന്ന് കിണറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് മകൻ കിണറിൽ നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഭർത്താവിന്റെ മദ്യപാനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം വഴക്ക് നടന്നിരുന്നു. സ്ഥിരമദ്യപാനിയായ ഭർത്താവ്, മീനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.