പ്രഭാസും അമിതാഭ് ബച്ചനും തകർത്തഭിനയിച്ച കൽക്കി 2898 എഡിയുടെ കളക്ഷൻ റിപ്പോർട്ട് പങ്കുവച്ച് അണിയറപ്രവർത്തകർ. അഞ്ച് ദിവസം കൊണ്ട് 635 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തിയ ആദ്യ ദിനം മാത്രം 190 കോടിയോളമാണ് കൽക്കി നേടിയിരുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം ചിത്രം വിദേശത്തുൾപ്പെടെ ബോക്സോഫീസിൽ കുതിക്കുകയാണ്. രാംചരണും എൻടിആറും പ്രധാന വേഷത്തിലെത്തിയ ആർആർആറിനേക്കാൾ കൂടുതലാണ് വിദേശത്തെ കൽക്കിയുടെ കളക്ഷൻ.
ഗൾഫിൽ 21 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്നലെ ഇന്ത്യയിൽ മാത്രം കൽക്കി 34 കോടി നേടി. ഇതിഹാസ ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു. കമൽഹാസന്റെയും അമിതാഭ് ബച്ചന്റെയും അഭിനയം അമ്പരിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കൽക്കി തങ്ങളെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും പ്രേക്ഷകർ പറയുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ദിഷ പടാനി, ശോഭന, ദുൽഖർ സൽമാൻ, വിജയ് ദേവർക്കൊണ്ട എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിൽ നിറഞ്ഞാടിയ താരങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.