തൊണ്ണൂറുകളിലെ മലയാളത്തിലെ ഹിറ്റ് പാട്ടുകൾ എടുത്തുനോക്കിയാൽ അതിലെല്ലാം ഒരു പേര് കാണാം, കലാ മാസ്റ്റർ. മലയാളികൾ ആഘോഷമാക്കിയ ഡാൻസ് മൂവ്മെന്റുകൾ ഒരുക്കിയത് കലാ മാസ്റ്റർ ആയിരുന്നു. നൃത്തം ചെയ്യാൻ അറിയില്ല എന്ന് മലയാളികൾ പരിഹസിച്ചിട്ടുള്ള പല സൂപ്പർ താരങ്ങളെ കൊണ്ടും എന്നും ഓർത്തിരിക്കുന്ന സ്റ്റെപ്പുകൾ ചെയ്യിപ്പിച്ചിട്ടുള്ള കലാകാരി. ഇപ്പോഴിതാ, മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ചുള്ള സോങ് കൊറിയോഗ്രഫിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് കലാമാസ്റ്റർ.
“മലയാളത്തിൽ ഞാൻ ഡാൻസ് കൊറിയോഗ്രാഫി ചെയ്തതെല്ലാം ഹിറ്റ് പാട്ടുകൾക്കാണ്. ‘കണ്ണാടി കൂടും കൂട്ടി’ എന്ന പാട്ടിൽ സുരേഷ് ഗോപി സർ പറഞ്ഞു, ‘എനിക്ക് ഡാൻസ് വേണ്ട, ഞാൻ വെറുതെ നടക്കാം.ഈ പൊക്കം വച്ച് എങ്ങനെ ഡാൻസ് കളിക്കാനാണ്’. പക്ഷേ, എന്റെ നിർബന്ധത്തിൽ അദ്ദേഹം ഡാൻസ് ചെയ്തു. പ്രത്യേകിച്ച് ഒന്നുമില്ല, തല കുലുക്കിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. അതായിരുന്നു അദ്ദേഹത്തിന് നൽകിയ സ്റ്റെപ്പ്. അത് വളരെ ഫേമസ് ആയി”
“ഹരികൃഷ്ണൻസിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഡാൻസ് കളിക്കുന്ന പാട്ടുകളുണ്ട്. എനിക്ക് ഡാൻസ് ഒന്നും വേണ്ട എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, നമ്മൾ എന്ത് കളിക്കുന്നുവോ അതാണ് ഡാൻസ്. ‘മോഹൻലാൽ ഭയങ്കര ഡാൻസാണ്. ഞാൻ ജസ്റ്റ് പാട്ടിൽ നടക്കാം’ എന്ന് മമ്മൂക്ക പറഞ്ഞു. പക്ഷേ, പാട്ടിൽ അദ്ദേഹം ചെയ്ത സ്റ്റെപ്പുകൾ ഹിറ്റായി”.
“മേഘം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന്റെ കാര്യത്തിൽ ശ്രീനിവാസൻ എന്നോട് പിണങ്ങി. എന്നാൽ എന്റെ നിർബന്ധത്തിൽ അദ്ദേഹം കളിച്ചു. ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷം. ശ്രീനിവാസനും മമ്മൂക്കയും നന്നായി ഡാൻസ് ചെയ്തു. പക്ഷേ, ഡാൻസർ എന്ന് പറഞ്ഞാൽ മോഹൻലാലാണ് ബെസ്റ്റ്. എന്തു കൊടുത്താലും അത് ചെയ്യും. ചെയ്യില്ല മാസ്റ്റർ എന്ന് പറയില്ല”-കലാമാസ്റ്റർ പറഞ്ഞു.