ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി. ജൂലായ് 12 വരെ ആപ്പ് നേതാവ് കസ്റ്റഡിയിൽ തുടരും. ആം ആദ്മി അദ്ധ്യക്ഷൻ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെയും സിബിഐയുടെയും റഡാറിലുള്ള അദ്ദേഹം ഇന്ന് റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫറൻസ് മുഖേന ഹാജരായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത കേസിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.
അന്വേഷണത്തിന്റെ പേരിൽ സിബിഐ തന്നെ പീഡിപ്പിക്കുകയാണെന്ന് ചൂട്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ മറുപടി നൽകാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.















