എറണാകുളം: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിലായിരുന്ന ഗിരീഷ്കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഗിരീഷ്കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിയുടെ കുറ്റസമ്മതം മാത്രം വച്ചാണ് പ്രതിയെ സംശയിക്കാനും അറസ്റ്റ് ചെയ്യാനും കാരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയല്ലാതെ പ്രതിയെ കുറ്റകൃത്യവുമായ ബന്ധപ്പെടുത്തുന്ന ഒരു തെളിവുകളും ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ചു ലക്ഷം രൂപ ഗിരീഷ്കുമാറിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഇത് മൂന്ന് മാസത്തിനകം നൽകണമെന്നാണ് ഉത്തരവ്. വൈകിയാൽ വർഷം 9 ശതമാനം പലിശയും നൽകേണ്ടിവരും.
കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസാണ് (57) 2013 ജൂൺ 11ന് കൊല്ലപ്പെടുന്നത്. തനിച്ചായിരുന്ന ഇവരെ വീട്ടിൽ അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നാണ് കേസ്. 25 പവൻ നഷ്ടമായെന്ന് പറഞ്ഞ പൊലീസ് കണ്ടെത്തിയത് 25 ഗ്രാം മാത്രമായിരുന്നു. പതിവ് കുറ്റവാളികളെ തപ്പിയ പൊലീസ് ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന ഗിരീഷ്കുമാറിനെ പിടികൂടുകയായിരുന്നു.
തൊണ്ടിമുതലുകളും സാക്ഷി മാെഴികളും പൊലീസ് കൃത്യമമായി സംഘടിപ്പിച്ചതാണെന്നും കുറ്റസമ്മത മൊഴി കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതിയുടെ വിധി പ്രസ്താവം. പൊലീസിന്റെ അന്വേഷണം വളരെ മോശമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതിയെ വധശിക്ഷയ്‌ക്കു വിധിക്കുന്നതു പോയിട്ട് ചുമത്തിയ ഏതെങ്കിലും കുറ്റം നിലനിൽക്കുന്ന തെളിവുകൾ പോലും ഇല്ലെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 2018നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി(4) 2018 ൽ ഗിരീഷ്കുമാറിന് വധശിക്ഷയ്‌ക്ക് വിധിച്ചത്.