ടാറ്റു സ്റ്റുഡിയോകൾ ഇന്ന് കേരളത്തിൽ പോലും കൂൺ പോലെയാണ് പൊട്ടിമുളയ്‌ക്കുന്നത്. ടാറ്റുവിന് സമാനമായി പെർമെനന്റ് ഐബ്രോ ചെയ്യുന്നതും ഇന്ന് മലയാളികൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇവ ശരീരത്തിന് ദോഷം ചെയ്യുമെന്ന റിപ്പോർട്ടാണ് യുഎസ് പുറത്തുവിട്ടിരിക്കുന്നത്.
ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷിയിൽ ശരീരത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കണ്ടെത്തി. അണുവിമുക്തം എന്ന് അവകാശപ്പെടുന്ന ജനപ്രിയ ബ്രാൻഡുകളിൽ പോലും സൂഷ്മാണുക്കൾ ഉള്ളതായി എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. അപ്ലൈഡ് ആൻഡ് എൻവയോൺമെൻറൽ മൈക്രോബയോളജി ജേണൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. .
ഇത്തരം മഷി ഉപയോഗിച്ച് ടാറ്റു ചെയ്യുന്നത് ഗുരുതരമായ അണുബാധയിലേക്ക് നയിക്കുമെന്നും വ്യക്കരോഗത്തിന് കാരണമാകുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഷി നിർമ്മാതാക്കളും വിതരണക്കാരും മുൻകരുതൽ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
49 ടാറ്റൂ മഷി സാമ്പിളുകൾ പരിശോധിച്ചതിൽ, ഒമ്പതെണ്ണത്തിൽ ബാക്ടീരിയെ കണ്ടെത്തി. പർമനന്റ് ഐ ബ്രോയ്‌ക്ക് ഉപയോഗിക്കുന്ന മഷി പരിശോധിച്ചതിൽ 35ൽ 17 എണ്ണവും മലിനമാണെന്ന് കണ്ടെത്തി. സീൽ പൊട്ടിക്കാത്ത 35 ശതമാനം മഷിയും മലിനമായിരുന്നു. ഓക്സിജന്റെ സാന്നിധ്യത്തിൽ വളരാൻ കഴിയുന്ന ബാക്ടീരിയകളാണ് ഇതിൽ ഉണ്ടായിരുന്നത്.