ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സൗരവ് ഗാംഗുലിയാണ് തന്നെ സച്ചിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ഇതിഹാസങ്ങളെ പരിചയപ്പെട്ട സംഭവത്തെപ്പറ്റി ധ്യാൻ ശ്രീനിവാസൻ മനസ് തുറന്നത്.
“കൊച്ചിയിൽ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരം നടക്കുന്ന സമയം. കലൂർ സ്റ്റേഡിയത്തിൽ ആയിരുന്നു കളി. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഫ്രണ്ടാണ് സൗരവ് ഗാംഗുലി. അന്ന് ഗാംഗുലി ക്യാപ്റ്റനാണ്. അന്ന് ഗാംഗുലിയും അച്ഛനും ഞാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഗാംഗുലിയെ ഇഷ്ടമാണെങ്കിലും ഞാൻ ഭയങ്കര സച്ചിൻ ഫാൻ ആയിരുന്നു”.
“ഭക്ഷണം കഴിച്ചിട്ട് ഞാൻ തിരിച്ച് റൂമിൽ എത്തിയ സമയത്ത് അതിലെ സച്ചിൻ വരുന്നു. അജിത്ത് അഖാർക്കറിനോടും റോബിൻ സിംഗിനോടും സംസാരിച്ചുകൊണ്ടാണ് സച്ചിൻ അതിലെ വന്നത്. കുറച്ചുകഴിഞ്ഞ് സൗരവ് ഗാംഗുലി വന്ന് ഞങ്ങളെ സച്ചിന് പരിചയപ്പെടുത്തിക്കൊടുത്തു. അതിനുശേഷം ഒരു ലിസ്റ്റിൽ വച്ച് സച്ചിനെ ഞാൻ കണ്ടു. മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വെയിലാണ് ഞങ്ങൾ താമസിച്ചത്. രാത്രിയിൽ ഞാനും സച്ചിനും ഒരുമിച്ച് ലിഫ്റ്റിൽ പോയിരുന്നു. നേരത്തെ പരിചയപ്പെട്ടിട്ടുള്ളതിനാൽ എന്നോട് മിണ്ടി. ഹായ്, സുഖമാണോ എന്നൊക്കെ ചോദിച്ചു. അന്ന് ഞാൻ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുകയാണ്”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.















