സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാ ബോധം കൊണ്ടുനടക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഒരുപരിധിക്ക് അപ്പുറം ഇത്തരം ചിന്തകൾ പോകുമ്പോൾ അത്
ബോഡി ഡിസ്മോർഫിയ (dysmorphia) എന്ന രോഗാവസ്ഥയിലേക്ക് പോലും നയിക്കുന്നു. സ്വന്തം ശരീരത്തെ വെറുക്കുന്ന, അതിനെക്കുറിച്ച് ആവലാതിപ്പെടുന്ന ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കരൺ ജോഹർ.
“എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി നോക്കിക്കാണാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന് എനിക്കറിയില്ല. ഈ ചിന്തയെ തരണം ചെയ്യാൻ ഞാൻ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും അയഞ്ഞ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നത് അതുകൊണ്ടാണ്. ശരീരഭാരം എത്ര കുറച്ചാലും, എന്റെ ആശങ്ക കുറയില്ല. കാരണം എനിക്ക് തടിയുണ്ടെന്ന തോന്നലാണ് എപ്പോഴും എന്നെ വേട്ടയാടുന്നത്. അതുകൊണ്ട് മറ്റുള്ളവർ എന്റെ ശരീരത്തിന്റെ ഒരു ഭാഗങ്ങളും കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു ” ഇതായിരുന്നു കരൺ ജോഹർ പറഞ്ഞത്.
എന്താണ് ബോഡി ഡിസ്മോർഫിയ അഥവാ Body Dysmorphic Disorder
ഒരു വ്യക്തിക്ക് അവരുടെ ശരീരത്തെക്കുറിച്ച് പോരായ്മ തോന്നുകയും അതിന്റെ പേരിൽ ഭ്രാന്തമായ ചിന്തകളുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. മറ്റുള്ളവരുടെ കണ്ണിൽ വളരെ നിസാരമെന്ന് തോന്നുന്ന കാര്യമാകാം ഇത്തരക്കാർക്ക് ഉത്കണ്ഠയും മാനിസകാഘാതവും സൃഷ്ടിക്കുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെക്കുറിച്ചോ ഏതെങ്കിലുമൊരു ഭാഗത്തെക്കുറിച്ചോ ആയിരിക്കും ഇത്തരക്കാരിൽ ഉത്കണ്ഠയുണ്ടാവുക. ശരീരത്തിന് വൈകല്യമുള്ളതായി ഇക്കൂട്ടർ വിശ്വസിക്കും. തെറാപ്പിയിലൂടെയും കൗൺസിലിംഗിലൂടെയും ഒരുപരിധി വരെ രോഗത്തെ മറികടക്കാം..
ലക്ഷണങ്ങൾ
സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയോ നാണക്കേടോ തോന്നുക.
ആവർത്തിച്ച് കണ്ണാടിയിൽ നോക്കുക
അമിതമായ സ്വയം പരിചരണം
മറ്റുള്ളവരുടെ ശരീരത്തോടെ സ്വന്തം ശരീരത്തെ താരതമ്യം ചെയ്യുക
കോസ്മറ്റിക് സർജറികളെ അമിതമായി ആശ്രയിക്കുക.