ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെ യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്ന ഉന്നതതല പ്രതിനിധി യോഗം റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഈ റിപ്പോർട്ട് പൂർണമായും തെറ്റാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്നതിൽ ഒരു പരിപാടി പോലും റദ്ദാക്കിയിട്ടില്ലെന്ന് വിനയ് ക്വാത്ര വ്യക്തമാക്കി. ” ഇത് കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നുണ്ട്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന റിപ്പോർട്ടാണിത്. യാതൊരു വസ്തുതയും ഇതിലില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം വൻ വിജയമായിരുന്നു. ഇരു നേതാക്കളും നടത്തിയ ചർച്ചകളുടെ സമയം മുൻകൂട്ടി നിശ്ചയിച്ചതിലും അധികമായിരുന്നു. ഒരു പരിപാടി പോലും ഇതിനിടെ റദ്ദാക്കിയിട്ടില്ലെന്നും” വിനയ് ക്വാത്ര പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റാണെന്ന് റഷ്യയും വ്യക്തമാക്കി. വിവിധ മേഖലകളിൽ നിർണായക ചർച്ചകളാണ് നടന്നതെന്നും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വീണ്ടും ദൃഢമാവുകയാണ് ചെയ്തതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടി. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഉന്നതതല പ്രതിനിധികൾ കൂടിക്കാഴ്ച നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ” പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് പുടിനുമായി മൂന്ന് മണിക്കൂറിലധികമാണ് ചർച്ചകൾ നടന്നത്. നിശ്ചയിച്ചതിലും അധികം സമയം ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് അവർ സംസാരിച്ചു. ഈ സംഭാഷണത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഭാഗമായിരുന്നുവെന്നും” പെസ്‌കോവ് പറയുന്നു.
പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും രംഗത്തെത്തി. ജി20, ബ്രിക്സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും നിർണായക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഇന്ത്യയ്‌ക്ക് റഷ്യ പിന്തുണ നൽകുമെന്നും ലാവ്റോവ് ആവർത്തിച്ചു.” പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് പുടിന് 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അവർ പരസ്പരം മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉഭയകക്ഷി മേഖലകളിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ബന്ധത്തിന് ഊർജ്ജം പകരുന്ന കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ഉറച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും” ലാവ്റോവ് പറയുന്നു.