2010-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ധോണി തീരുമാനിച്ചിരുന്നതായി രവിചന്ദ്രൻ അശ്വിൻ. ടീം മാനേജർ രൺജിബ് ബിസ്വാളിനോട് ശ്രീശാന്തിനെ നാട്ടിലേക്ക് അയക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യാനും ധോണി ആവശ്യപ്പെട്ടതായി അശ്വിൻ വെളിപ്പെടുത്തി. ഏകദിന മത്സരത്തിൽ റിസർവ് താരമായ ശ്രീശാന്ത് ഡഗ് ഔട്ടിലിരിക്കാതെ ഡ്രസിംഗ് റൂമിൽ മസാജിന് പോയതാണ് ധോണിയെ ചൊടിപ്പിച്ചതെന്നാണ് അശ്വിൻ തന്റെ ആത്മകഥയായ ഐ ഹാവ് ദ് സ്ട്രീറ്റ്സ് – എ കുട്ടി ക്രിക്കറ്റ് സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. ശ്രീശാന്ത് ഡഗൗട്ടിൽ തിരിച്ചെത്തി പ്രശ്നം പരിഹരിച്ചെന്നും ആത്മകഥയിൽ പറയുന്നു.
ഡ്രിങ്ക്സ് ബ്രേക്കിന് ഇടയിലാണ് ധോണി എന്നോട് ശ്രീശാന്ത് എവിടെയെന്ന് ചോദിച്ചത്. ഞാൻ വെള്ളം കൊടുക്കാൻ എത്തിയതായിരുന്നു. ശ്രീ ഡ്രസിംഗ് റൂമിലുണ്ടെന്ന് ഞാൻ പറഞ്ഞു. ഡഗൗട്ടിൽ വന്നിരിക്കാൻ ശ്രീശാന്തിനോട് പറയണമെന്ന് അദ്ദേഹം എനിക്ക് നിർദേശം നൽകി. എം വിജയ്യോട് ശ്രീയെ വിളിക്കാൻ ഞാൻ പറഞ്ഞു. പക്ഷേ കഴിയില്ലെന്നായിരുന്നു മറുപടി. ഡ്രസിംഗ് റൂമിൽ ചെന്ന് ശ്രീയോട് ഡഗൗട്ടിൽ വന്നിരിക്കാൻ ധോണി ആവശ്യപ്പെട്ടെന്ന് ഞാൻ പറഞ്ഞു. താങ്കൾക്ക് വെള്ളം കൊടുക്കാൻ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. അടുത്ത ഹെൽമെറ്റുമായി ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ശ്രീശാന്ത് എവിടെയെന്ന് ചോദിച്ച് ധോണി വീണ്ടും ദേഷ്യപ്പെട്ടു.
ശ്രീ ഡ്രസിംഗ് റൂമിൽ മസാജിംഗിന് പോയെന്ന് പറഞ്ഞിട്ടും ധോണിയുടെ കോപം അടങ്ങിയില്ല. ഹെൽമെറ്റ് തിരികെ നൽകാൻ വിളിച്ചപ്പോൾ ശ്രീക്ക് ഇവിടെ തുടരാൻ താത്പര്യമില്ലെന്നും ടീം മാനേജരോട് രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയാനും ധോണി എന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ട് ഞെട്ടിയ എന്നോട് നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലേ എന്ന് ചോദിച്ചു. പിന്നാലെ ശ്രീ ഡഗൗട്ടിലെത്തി ഡ്രിങ്ക്സിന്റെ ചുമതല ഏറ്റെടുത്തു. പിന്നാലെ ധോണി തന്നോട് ക്രീസിലേക്ക് വരാൻ പറഞ്ഞുവെന്നും, ടീം മാനേജരോട് വിഷയം സംസാരിച്ചിരുന്നോ എന്ന് ചോദിച്ചതായും ആർ അശ്വിൻ തന്റെ പുസ്തകത്തിൽ പറയുന്നു.