സോനിപത്ത്: ഹരിയാനയിൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ മൂന്ന് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി സോനിപത്ത് ജില്ലയിലെ ഖാർഖോഡയിലായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗുണ്ടകൾ കൊല്ലപ്പെട്ടത്.
ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിൽ നടന്ന ബർഗർ കിംഗ് കൊലക്കേസിലെ പ്രതികളാണ് ആശിഷും രിധാനയും. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് അഞ്ച് പിസ്റ്റളുകൾ കണ്ടെടുത്തു. ഗുണ്ടകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജൂൺ 18 നാണ് രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിലിൽ അമൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഹണി ട്രാപ്പിന്റെ ഭാഗമായി അമനെ ബോധപൂർവം ഭക്ഷണശാലയിലേക്ക് വിളിച്ചുവരുത്തിയാണ് വകവരുത്തിയത്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തിയത്.
ഹിമാൻഷു ഭാവു സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.