ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ലീ സ്മിത്ത്. മറ്റ് രാജ്യങ്ങൾ കൈവരിക്കാത്ത പല നേട്ടങ്ങളും ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്നും എല്ലാവരും ബഹുമാനിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ബഹിരാകാശ മേഖലയിൽ ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ന് ഇന്ത്യയുടെ പല പരീക്ഷണങ്ങളും മറ്റ് രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മാതൃകയാക്കുന്നു. കഴിഞ്ഞ 20 വർഷമായി ബഹിരാകാശ മേഖലയിൽ വൻ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ചൊവ്വയെ കുറിച്ചറിയാനുള്ള ദൗത്യം ചരിത്രത്തിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം ചന്ദ്രനിൽ ഇന്ത്യ ലാൻഡ് ചെയ്തു. മറ്റ് രാജ്യങ്ങൾക്ക് കൈവരിക്കാൻ സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്നത്.”- സ്റ്റീവ് ലീ സ്മിത്ത് പറഞ്ഞു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഐഎസ്ആർഒ നടത്തുന്നത്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നതിൽ നാസയ്‌ക്കും മുഖ്യപങ്കുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞിരുന്നു.
പരിശീലനം നേടുന്ന രണ്ട് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ അടുത്ത വർഷം ബഹിരാകാശ നിലയത്തിലേക്ക് പറക്കും. 2035ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരിൽ ഇതറിയപ്പെടുമെന്നും എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.















