ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2021ൽ പുറത്തിറങ്ങിയ സിനിമയാണ് അജഗജാന്തരം. കിച്ചു ടെല്ലസാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. അജഗജാന്തരത്തിന് ശേഷം മറ്റൊരു സിനിമ കൂടി എഴുതുന്നുണ്ടെന്ന് നടൻ കിച്ചു ടെല്ലസ് പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ രചനയിൽ നിന്നും പിൻമാറുകയാണെന്ന് കിച്ചു ടെല്ലസ് വ്യക്തമാക്കി.
ചിത്രത്തിന്റെ നിർമാതാവ് നൽകിയ അഡ്വാൻസ് ചെക്ക് മാറാൻ സാധിക്കാതെ ഇപ്പോഴും കയ്യിലിരിക്കുകയാണെന്നാണ് കിച്ചു പറയുന്നത്. ജോഷി ജോൺ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ അപ്പാനി ശരത്തായിരുന്നു നായകൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ചെക്ക് മാറാൻ സാധിച്ചില്ലെന്നും പ്രൊജക്ടിൽ നിന്ന് പിൻമാറുകയാണെന്നും കിച്ചു ടെല്ലസ് അറിയിച്ചത്
അജഗജാന്തരത്തിന് ശേഷം ഒന്ന് രണ്ട് സബ്ജക്റ്റുകൾ കയ്യിലുണ്ടായിരുന്നുവെന്നും ഇത് പലരുമായി ചർച്ച ചെയ്തപ്പോഴാണ് ജോഷിയും അരുണും തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതെന്നും കിച്ചു പോസ്റ്റിൽ പറയുന്നു. സിനിമയുടെ മറ്റ് കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്തതിന് ശേഷം നിർമാതാക്കൾ കിച്ചുവിന് അഡ്വാൻസ് ചെക്ക് നൽകുകയായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ചെക്ക് ബാങ്കിൽ കൊടുക്കേണ്ടയെന്നും ബാങ്ക് വഴി പണം അയച്ചോളാമെന്നുമായിരുന്നു നിർമാതാക്കളുടെ പക്കൽ നിന്നും വന്ന മറുപടി. ഒരു മാസത്തോളമായി ചെക്ക് കയ്യിലിരിക്കുകയാണെന്നും കിച്ചു പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സിനിമാ മേഖലയിൽ അങ്കമാലി ഡയറീസ് മുതൽ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ. അഭിനയത്തോടൊപ്പമാണ് എഴുത്തും ആരംഭിച്ചത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്ന് രണ്ട് സബ്ജക്റ്റുകൾ കൈയിലുണ്ടായിരുന്നു. ഇത് പലരുമായും ഞാൻ വ്യക്തിപരമായി ചർച്ച ചെയ്തിരുന്ന സമയത്ത്, കുരുവി പാപ്പ എന്ന സിനിമ ചെയ്തവർ- ജോഷി, അരുൺ എന്നിവർ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓൺ ആക്കണമെന്ന് പറയുകയും നായകനായി അപ്പാനി ശരത്തിനെ വെക്കുകയും ചെയ്തു.
ഒഫിഷ്യൽ മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ അഡ്വാൻസ് തുക എനിക്കും നായകനും ബാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കിൽ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുറച്ചു ദിവസം കാത്തിരുന്നു. പതുക്കെ പതുക്കെ ഓരോരോ പ്രശ്നങ്ങൾ പലരീതിയിൽ ഉന്നയിച്ചുകൊണ്ട് നിർമ്മാതാവ് വന്നെങ്കിലും ഞാൻ എന്റെ ഫ്രീം ടൈം നോക്കി കോട്ടയം വരെ പോയി അവരെ നേരിൽ കണ്ടു സംസാരിച്ചു പരിഹരിച്ചു. അപ്പോഴും ചെക്ക് ബാങ്കിൽ കൊടുക്കേണ്ട, പകരം അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരുമാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കൈയിൽ ഇരിക്കുന്നു.
ഒരു സിനിമ ഓൺ ആകുമ്പോൾ എല്ലാവരെയും പോലെ തന്നെ നമ്മൾ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ, മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓൺ ആയി എന്നുള്ളത് തന്നെയായിരുന്നു. എന്നെ പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ളവരെക്കൊണ്ട് കഷ്ടമാണ്..
തനിക്ക് അഡ്വാൻസ് ചെക്ക് നൽകിയവരുടെ ഫോട്ടോ സഹിതമാണ് കിച്ചു ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഇവരുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് മറ്റുള്ളവർ ഇവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും സിനിമാ മോഹവുമായി നടക്കുന്നവർക്കിടയിൽ ഇതുപോലുള്ളവർ കല്ലുകടിയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. എല്ലാവരുടെയും സമയത്തിനും മാനസിക സന്തോഷത്തിനും വിലയുണ്ടെന്ന് മനസിലാക്കണം. അതിനാൽ ഞങ്ങൾ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുന്നുവെന്നും താരം കുറിച്ചു.