പെൻസിൽവാനിയ: രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. എല്ലാവരും ശാന്തരായിരിക്കണമെന്നും, അക്രമം ഒന്നിനും പരിഹാരമല്ലെന്നും ബൈഡൻ പറഞ്ഞു. രാഷ്‌ട്രീയത്തെ യുദ്ധവേദിയാക്കി മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമുണ്ടാകില്ല. അക്രമങ്ങൾക്ക് ഒന്നിനേയും സാധാരണ നിലയിലാക്കാനുള്ള കഴിവ് ഇല്ല. എല്ലാവരും ശാന്തരായിരിക്കണം. വിയോജിപ്പുകൾ ബാലറ്റ് ബോക്‌സുകളിലൂടെ രേഖപ്പെടുത്താം, അല്ലാതെ ബുള്ളറ്റുകളിലൂടെയല്ല. അക്രമങ്ങളെ ഒരിക്കലും സാധാരണവത്കരിക്കാനാകില്ല. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാൽ ഞങ്ങളൊരിക്കലും ശത്രുക്കളല്ല. ഞങ്ങൾ അയൽവാസികളാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അതിലെല്ലാം ഉപരിയായി അമേരിക്കക്കാരാണ്.
നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടവരാണ്. അക്രമങ്ങൾ ഒരിക്കലും പ്രശ്‌നപരിഹാരമല്ല. കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ട്രംപിനെതിരായ വധശ്രമം അത്യന്തം അപലപനീയമായ കാര്യമാണ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും” ബൈഡൻ പറയുന്നു.
പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. നിരവധി തവണ അക്രമി ട്രംപിന് നേരെ വെടിയുതിർത്തിരുന്നു. ഇതിൽ ഒരു ബുള്ളറ്റ് ട്രംപിന്റെ വലതുചെവിയുടെ മുകൾഭാഗത്തായി കൊള്ളുകയായിരുന്നു. നിസാരപരിക്ക് മാത്രമാണ് ട്രംപിന് ഏറ്റതെന്നും, അദ്ദേഹം ആശുപത്രി വിട്ടതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന് നേരെ വെടിയുതിർത്ത 20കാരനായ മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.