പാലക്കാട്: പാലക്കയം വട്ടപ്പാറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന്റെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് വിജയ് വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. ഇതിനിടെ വിജയിയെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മഴ ശക്തമായതിനാൽ രാത്രിയോടെ തിരച്ചിൽ നിർത്തിവച്ചിരുന്നു.
ഇന്ന് രാവിലെ അഗ്നിസുരക്ഷാ സേനയും സിവിൽ ഡിഫൻസ് ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.