തിരുവനന്തപുരം; ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തതായും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.