പാലക്കാട്: കനത്ത മഴയിൽ സ്കൂളിന് മുകളിലേക്ക് മരം കടപുഴകി വീണു. പാലക്കാട് തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരമാണ് കടപുഴകി വീണത്. മരത്തിന്റെ ചില്ല വീണ് സ്കൂളിന്റെ ഓടുകൾ തകർന്നു. അപകടത്തിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ ചുവരുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷ മുൻനിർത്തിയാണ് സ്കൂളിന് അവധി നൽകിയതെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ സ്കൂൾ തുറക്കുന്നതിന് മുമ്പായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചുവരുകൾ വിണ്ടുകീറിയ നിലയിലാണ്.
പാലക്കാട് കനത്ത മഴയിൽ പടിഞ്ഞാറങ്ങായി ഗോഖലെ സ്കൂളിന് സമീപം റോഡിലേക്ക് പനമരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.