കൊച്ചി: എംടി വാസുദേവൻ നായരുടെ ചെറുപ്പമാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്ന് മമ്മൂട്ടി. മനോരഥങ്ങൾ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ചിത്രമാണ് മനോരഥങ്ങൾ. മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ..
“അദ്ദേഹത്തിനുള്ളിലെ ചെറുപ്പമാണ് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നത്. ആ ചെറുപ്പം എല്ലാകാര്യങ്ങളിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. സമകാലീന രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളിൽ എല്ലാം അദ്ദേഹം അപ്ഡേറ്റഡാണ്. ലോകത്തെ വിവിധ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും അദ്ദേഹം വായിക്കുന്നു, അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നു.
ഒരിക്കൽ എംടി, എനിക്ക് തരാൻ പറഞ്ഞ് ഒരു പുസ്തകം കൊടുത്തയച്ചിരുന്നു. രണ്ടാം മഹായുദ്ധ കാലത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയിട്ടുള്ള ഫിക്ഷനാണത്. അശ്വതിയാണ് (എംടിയുടെ മകൾ) അത് കൊടുത്തയച്ചത്. എംടി എനിക്ക് നൽകാൻ പറഞ്ഞ രണ്ട് പുസ്തകങ്ങളിൽ ഒന്നായിരുന്നു അത്. പുസ്തകം ലഭിച്ചപ്പോൾ ഞാൻ അത് വീട്ടിൽ കൊണ്ടുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ മകൾ അതെടുത്ത് പൂർണമായും വായിച്ചു. നല്ല കട്ടിയുള്ള വലിയ പുസ്തകമാണത്.
എന്റെ മകൾ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം. ഞാനും അദ്ദേഹവും തമ്മിൽ വലിയ പ്രായവ്യത്യാസമില്ലെങ്കിലും എന്റെ മകളും അദ്ദേഹവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നിട്ടും അവർ വായിക്കുന്ന, അറിയുന്ന സാഹിത്യകാലത്തും ജീവിക്കുന്നയാളാണ് അദ്ദേഹം. അത്രമാത്രം അപ്ഡേറ്റഡാണ് എംടി.”- മമ്മൂട്ടി പറഞ്ഞുനിർത്തി.