ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദ്ദേശം. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.
മനഃശാസ്ത്ര പരിശോധനയ്‌ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജസ്റ്റിസ് ബി.ആർ ഗവായി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.