സോൾ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് ശേഷം രാജ്യത്തെത്തിയ റഷ്യൻ സൈനിക പ്രതിനിധി സംഘത്തിന് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് റഷ്യയുടെ വൈസ് ഡിഫൻസ് മിനിസ്റ്റർ അലക്‌സി ക്രിവോറുച്ച്‌കോയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം ഉത്തരകൊറിയയിലെത്തിയത്.
പുടിന്റെ സന്ദർശനം ഒരു മാസം പിന്നിടുന്ന വേളയിലാണ് പ്യോങ്‌യാങ്ങിലേക്ക് റഷ്യൻ സംഘമെത്തിയത്. പുടിന്റെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും പ്രതിരോധ കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതിൽ അമേരിക്കയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യയും ഉത്തരകൊറിയയും വളരെ അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും, 2022ലെ യുക്രെയ്ൻ-റഷ്യ സംഘർഷത്തിന് പിന്നാലെയാണ് ഇരുകൂട്ടരും വീണ്ടും കൂടുതൽ അടുക്കുന്നത്.
ഇരുരാജ്യങ്ങളുടേയും സൈനിക ശക്തികൾ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ കിം ജോങ് ഉൻ ആവർത്തിച്ചു. പ്രാദേശിക-ആഗോള സമാധാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി ഒരുമിച്ച് നിൽക്കണമെന്നും കിം പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ അതൃപ്തി അറിയിച്ച് അമേരിക്കയും സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയ്‌ക്ക് ആയുധങ്ങളും മിസൈലുകളും നൽകി ഉത്തരകൊറിയ സഹായിക്കുന്നുണ്ടെന്നും, ഇപ്പോഴും ഇത്തരത്തിലുള്ള ആയുധ കൈമാറ്റം നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. പുടിൻ ഉത്തരകൊറിയ സന്ദർശിച്ചതിന് പിന്നാലെ ആയിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ അംഗീകരിച്ച് കൊണ്ട് പുടിനും പ്രസ്താവനയിറക്കിയിരുന്നു. ആയുധ കൈമാറ്റം നടക്കുന്നുണ്ടെന്ന ആരോപണം താൻ തള്ളിക്കളയുന്നില്ലെന്നാണ് പുടിൻ പറഞ്ഞത്.