2022 ലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് വില്പനയ്‌ക്കെന്ന് സൂചന. ഉടമകളായ സിവിസി ക്യാപിറ്റൽസ് അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ഓഹരികളും വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യവസായി ഗൗതം അദാനി ഇവ വാങ്ങാൻ തയാറെടുക്കുന്നതായും സൂചനയുണ്ട്. ഐപിഎല്ലിൽ പങ്കാളികളായ ശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. 2022 ൽ ചാമ്പ്യന്മാരായ ടീം 2023 ൽ ഫൈനലിസ്റ്റുകളായിരുന്നു.
ഐപിഎല്ലിൽ ടീമിനെ സ്വന്തമാക്കുന്നതിനായി ടോറൻ്റ് ഗ്രൂപ്പും സിവിസി ക്യാപിറ്റലുമായി ചർച്ചകൾ നടത്തി. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫ്രാഞ്ചൈസിയുടെ മൂല്യം 1 ബില്യൺ ഡോളറിനും 1.5 ബില്യൺ ഡോളറിനും ഇടയിലാണ്. അതേസമയം സിവിസി ക്യാപിറ്റൽസ് കുറച്ച് ഓഹരികൾ നിലനിർത്താനും ശ്രമിക്കുന്നുണ്ട്.
2021-ൽ ഐപിഎല്ലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള അവസരം നഷ്‌ടമായതിനാൽ, ഗുജറാത്ത് ടൈറ്റൻസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ അദാനിയും ടോറൻ്റും ശക്തമായി മത്സരിക്കുന്നുണ്ട്. CVC-യെ സംബന്ധിച്ചിടത്തോളം, ഫ്രാഞ്ചൈസിയിലെ ഓഹരികളുടെ വില്പന ധനസമ്പാദനത്തിനുള്ള മികച്ച അവസരമാണെന്ന് ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. “ഐപിഎൽ ഫ്രാഞ്ചൈസികൾ ധാരാളം നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. തുടങ്ങിയത് മുതൽ പണമൊഴുകുന്നൊരു വലിയ ബിസിനായി മാറി.
CVC ക്യാപിറ്റൽസ് 2021-ൽ 5,625 കോടി രൂപയ്‌ക്കാണ് ഫ്രാഞ്ചൈസി വാങ്ങിയത്. IPL 2022-ലും2023-ലും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിച്ച ഫ്രാഞ്ചൈസി യഥാക്രമം വിജയികളും റണ്ണേഴ്‌സ് അപ്പും നേടി. ഇക്കഴിഞ്ഞ വർഷം ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ, 14 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങൾ മാത്രം നേടി ഫ്രാഞ്ചൈസി എട്ടാം സ്ഥാനത്താണ്.