ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ,MUDA അഴിമതികളിൽ നിയമസഭയ്‌ക്ക് പുറത്ത് ബിജെപി നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും പ്രതിഷേധം. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിലായിരുന്നു പ്രതിഷേധം. അഴിമതി ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി സിദ്ദരാമയ്യ രാജിവക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങളുട പണം കോൺഗ്രസ് കൊള്ളയടിച്ചു. ഈ പണമാണ് അവർ കർണാടകയിലെയും തെലങ്കാനയിലെയും തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ചതെന്ന് ബിജെപി നേതാവ് സിടി രവി ആരോപിച്ചു. അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും അഴിമതി ആരോപണങ്ങൾക്ക് മറുപടിയായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന മഹർഷി വാൽമീകി വികസന കോർപ്പറേഷനിൽ അനധികൃതമായി ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുകയും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണമടങ്ങിയ ഇയാളുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവരികയും ചെയ്തതോടെയാണ് വാൽമീകി അഴിമതിക്കേസ് വെളിച്ചത്തുവന്നത്. കുറിപ്പിൽ പല ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങളും അടങ്ങിയിരുന്നു.