ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ അമരക്കാരൻ. മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ഇന്ന് ചേർന്ന എഐഎഫ്എഫ് യോഗത്തിലാണ് സ്പാനിഷ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇഗോര്ർ സ്റ്റിമാക്കിന് പകരക്കാരനായാണ് മനോലോ മാർക്വേസ് എത്തുന്നത്. നിലവിൽ ഐഎസ്എൽ ക്ലബ്ബായ എഫ് സി ഗോവയുടെ പരിശീലകനാണ്. അന്റോണിയോ ഹബാസ്, സാൻജോ സെൻ എന്നിവരായിരുന്നു എഐഎഫ്എഫിന്റെ പരിഗണനയിലുണ്ടായിരുന്ന മറ്റ് പരിശീലകർ.
എഫ് സി ഗോവയുടെ പരിശീലകനായി തുടരുന്ന മാർക്വേസ് ഒരേസമയം ഇന്ത്യൻ ടീമിനെയും പരിശീലിപ്പിക്കും. ഇതിനായുള്ള നിയമപ്രശ്‌നങ്ങൾ പരിഹരിച്ചതായാണ് റിപ്പോർട്ട്. നിയുക്ത പരിശീലകന് എഐഎഫ്എഫുമായി മൂന്ന് വർഷത്തെ കരാറാണുള്ളത്. 25,000 ഡോളറാണ് ( ഏകദേശം 20 ലക്ഷം രൂപ) പ്രതിമാസം എഫ്‌സി ഗോവയിൽ മനോലോ മാർക്വേസിന് പ്രതിഫലമായി ലഭിക്കുന്നത്. ദേശീയ ടീമിനെയും ഗോവയെയും ഒരേ സമയം പരിശീലിപ്പിക്കാൻ അനുമതി നൽകുന്നതിലൂടെ പരിശീലകന് വേണ്ടി എഐഎഫ്എഫിന് ഉയർന്ന തുക പ്രതിഫലം നൽകേണ്ടി വരില്ല.
ഐഎസ്എല്ലിലൂടെ ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവിലെ സാഹചര്യം അറിയുന്ന വളർച്ചയ്‌ക്ക് സഹായകരമാകുന്ന പരിശീലകനെ നിയമിക്കാനാണ് എഐഎഫ്എഫ് ആഗ്രഹിച്ചതെന്ന് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.
2021-22 സീസണിൽ ഹൈദരാബാദ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച മനോലോ മാർക്വേസ് കഴിഞ്ഞ സീസണിലാണ് എഫ്‌സി ഗോവയുടെ പരിശീലകനായത്.















