ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വാഹനം പുഴയിൽ അകപ്പെട്ടിരിക്കാനാണ് 90 ശതമാനം സാധ്യതയെന്ന നിഗമനം പങ്കുവച്ച് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷമി പ്രിയ. അർജുനെ കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ ഐഎസ്ആർഒയുടെ സഹായം തേടിയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് 10 മിനിറ്റ് മുമ്പ് വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കിൽ നദിക്കരയിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുമ്പ് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എന്നുള്ള വിവരം ഈ ചിത്രങ്ങൾ വിശദമായി പരിശോധിച്ചാൽ ലഭിക്കും. ഈ ദൃശ്യങ്ങളിലൂടെ പുഴയിലൂടെ ഒഴുകി പോകാൻ സാധ്യതയുള്ള വാഹനങ്ങൾ ഏതൊക്കെ ആണെന്ന് കണ്ടെത്താനും സാധിക്കും. അർജുന്റെ വാഹനം എവിടെയെന്നതിൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തത വരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പൊലീസ് ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചിരുന്നു. അർജുൻ ഓടിച്ചിരുന്ന വാഹനം ഈ പ്രദേശത്തേക്ക് കടന്നതായും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം കടന്ന് വാഹനം പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ രക്ഷാദൗത്യത്തിനായി എത്തിക്കും. പൂനെയിൽ നിന്നുള്ള ഡിറ്റക്ടർ എത്താൻ താമസമുണ്ടാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. 20 അടി താഴ്ചയിൽ വരെയുള്ള വസ്തുകളുടെ സിഗ്നലുകൾ ഈ ഡിറ്റക്ടറിലൂടെ ലഭിക്കും.
സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലാണ് നാവിക സേന ഇന്നലെ നടത്തിയത്. മൺത്തിട്ടയ്‌ക്ക് അടിയിൽ എന്തെങ്കിലും ഉണ്ടോ എന്നതിൽ ഇതിലൂടെ കണ്ടെത്താൻ സാധിക്കില്ല. സോളാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിന് പരിമിതികളുണ്ട്. അതുകൊണ്ടാണ് അത്യാധുനിക ഉപകരണങ്ങൾ മദ്രാസ് റെജിമെന്റിൽ നിന്നും പൂനെയിൽ നിന്നും കൊണ്ടുവരാൻ ശ്രമിക്കുന്നത്. അവ്യക്തമായ ചില സിഗ്നലുകൾ സോളാർ ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.