ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ കേന്ദ്ര ബജറ്റ് ജൂലൈ 23ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ ഡി എ സഖ്യ സർക്കാരിന്റെ ആദ്യ ബജറ്റാണിത്.
ഇതും വായിക്കുക
കേന്ദ്ര ബജറ്റിലെ റെക്കോഡുകളുടെ കഥ; യുണിയൻ ബജറ്റിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളറിയാം……
കേന്ദ്ര ബജറ്റ് അവതരണ സമയം രാവിലെ 11 മണിക്കായി മാറിയിട്ട് ഏറെക്കാലമായില്ല. 1999 ലാണ് 11 മണി ബജറ്റവതരണം തുടങ്ങിയത്. 1999 വരെയുള്ള ബജറ്റവതരണങ്ങൾ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ വൈകുന്നേരം 5 മണിക്കായിരുന്നു. ബജറ്റ് പ്രഖ്യാപങ്ങളെ പ്രഖ്യാപനങ്ങളെ ലണ്ടൻ സമയവുമായി വിന്യസിക്കാനുള്ള കൊളോണിയൽ സമ്പ്രദായമായിരുന്നു ഇത്. ബ്രിടീഷുകാർ തുടങ്ങി വെച്ചത് പിന്നീട് വന്ന കോൺഗ്രസ് സർക്കാരുകൾ കണ്ണടച്ച് തുടരുകയായിരുന്നു. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) ബ്രിട്ടീഷ് സമ്മർ സമയത്തേക്കാൾ (ബിഎസ്ടി) 4 മണിക്കൂർ 30 മിനിറ്റ് മുന്നിലാണ് എന്നത് ഓർക്കുക. അതിനാൽ ഇന്ത്യയിൽ അഞ്ചു മണിക്ക് ബജറ്റവതരിപ്പിക്കുമ്പോൾ യുകെയിൽ ഉച്ചയ്‌ക്ക് 12:30 ആയിരിക്കും.
ഇതും വായിക്കുക
ധനമന്ത്രിമാർക്ക് പകരം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ; വിശദാംശങ്ങൾ അറിയാം……
1999 ലെ വാജ്‌പേയി സർക്കാരിന്റെ കാലത്ത്അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കുന്ന 53 വർഷത്തെ പാരമ്പര്യം ലംഘിച്ചു. ഫെബ്രുവരി 27-ന് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത് രാവിലെ 11 മണിക്കാണ്. അങ്ങിനെ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാർക്ക് സൗകര്യപ്രദമായ സമയത്ത് ഇന്ത്യൻ ബജറ്റ് അവതരിപ്പിച്ചിരുന്ന രീതി ചരിത്രമായി. ഈ മാറ്റം പാർലമെൻ്ററി ചർച്ചകൾക്കും ബജറ്റ് വിശകലനത്തിനും കൂടുതൽ സമയം അനുവദിച്ചതായി പിൽക്കാലത്ത് അനുഭവങ്ങളിലൂടെ നാം മനസ്സിലാക്കി.
അതിനുശേഷം, എല്ലാ കേന്ദ്ര ബജറ്റുകളും രാവിലെ 11 മണിക്ക് അവതരിപ്പിച്ചു. ഈ കീഴ്വഴക്കം തുടരുന്ന സീതാരാമൻ ഇന്ന് (ചൊവ്വാഴ്ച) അതേ സമയം വരാനിരിക്കുന്ന ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് അവതരിപ്പിച്ചിരുന്ന തീയതിക്കും ഒരു കഥ പറയാനുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ മുതൽ ബജറ്റ് അവതരണ തീയതി ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവർത്തി ദിവസം ആയിരുന്നു. ഇത് കൊണ്ടുണ്ടായ മറ്റൊരു രസകരമായ റെക്കോർഡുണ്ട്. രാഷ്‌ട്ര ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിക്ക് ലഭിച്ച മറ്റൊരു റെക്കോർഡാണത്. തന്റെ ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ധനകാര്യമന്ത്രി മൊറാർജി ദേശായിയാണ്. അദ്ദേഹത്തിന്റെ ജന്മദിനം ഫെബ്രുവരി 29 ആണ് എന്നത് ഓർക്കുമല്ലോ. 1960 ലും 1968 ലുമാണ് മൊറാർജി ദേശായി സ്വന്തം ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ചത്. ഇതിനിടെവന്ന അധിവർഷമായ 1964 ൽ ഫെബ്രുവരി 29 നായിരുന്നു ബജറ്റ് എങ്കിലും, അന്നത്തെ ധനകാര്യമന്ത്രി ടി ടി കൃഷ്ണമാചാരി ആയിരുന്നു.
പരമ്പരാഗതമായി ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസത്തിൽ അവതരിപ്പിച്ചു വന്നിരുന്നു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2017 ൽ ഇത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. മുൻപൊക്കെ ഫെബ്രുവരിയിലെ അവസാന പ്രവർത്തി ദിവസം ബജറ്റ് അവതരിപ്പിച്ചാൽ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങാൻ കേവലം ഒരുമാസം മാത്രമായിരുന്നു ലഭിക്കുക. എന്നാൽ ബജറ്റവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതോടെ പുതിയ നയങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം ലഭിച്ചു. മുൻപുള്ള കോൺഗ്രസ് സർക്കാരുകൾ തുടർന്ന് വന്ന കൊളോണിയൽ ദാസ്യത്തെ കുടഞ്ഞെറിയാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ മറ്റൊരു കാതലായ നീക്കമായിരുന്നു ഇത്.
2016 വരെ എല്ലാവർഷവും റെയിൽവേ ബജറ്റ് പ്രത്യേകമായിട്ടായിരുന്നു അവതരിപ്പിക്കപ്പെട്ടത്. സാധാരണഗതിയിൽ അത് കേന്ദ്ര ബജറ്റിന് ഏതാനും ദിവസം മുമ്പ് ആയിരിക്കും എന്ന് മാത്രം. മോദി സർക്കാർ 2016 സെപ്റ്റംബർ 21 ന് അടുത്ത വർഷം മുതൽ റെയിൽ, പൊതു ബജറ്റുകൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകി. ഇതോടെ രാജ്യത്ത് 92 വർഷത്തെ പ്രത്യേക റയിൽവേ ബജറ്റ് സമ്പ്രദായം അവസാനിപ്പിച്ചു. റെയിൽവേ ബജറ്റിനെ കേന്ദ്ര ബജറ്റുമായി സംയോജിപ്പിച്ചു.