ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത് നരേന്ദ്രമോദി സർക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്ത രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്. ജനങ്ങൾ മോദി സർക്കാരിൽ അചഞ്ചലമായ വിശ്വാസം രേഖപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണയും അംഗീകാരവും ജനങ്ങൾ നൽകിയതിനാലാണ് മൂന്നാം തവണയും അധികാരത്തിലെത്തിയതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകമാകെ പണപ്പെരുപ്പം കാരണം പ്രതിസന്ധിയിലായപ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലായിരുന്നു. വരും വർഷങ്ങളിലും അങ്ങനെ തന്നെയാകും. ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്ന നിലയിൽ തന്നെ തുടരുമെന്നും 4% എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അവർ പറഞ്ഞു. ദരിദ്രരെയും യുവാക്കളെയും സ്ത്രീകളെയും കർഷകരെയും ലക്ഷ്യം വച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റ്. വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച ധനമന്ത്രി 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാൻ നൈപുന്യ വികസന പദ്ധതിയും പ്രഖ്യാപിച്ചു.