ന്യൂഡൽഹി: വികസിത ഭാരതത്തിന് അടിത്തറ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഏഴാം ബജറ്റ്. ദീർഘകാല സാമ്പത്തിക വളർച്ചയ്‌ക്കും സുസ്ഥിര വികസനവും മുന്നിൽ കണ്ട് ഒൻപത് മേഖലകൾക്കാണ് 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് ഊന്നൽ നൽകിയത്.
കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, നവീകരണം തുടങ്ങി ഒൻപത് മേഖലകൾ കേന്ദ്രീകരിച്ചാണ് വികസനം നടപ്പാക്കുക.
പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിങ്ങനെ നാല് വ്യത്യാസ്ത വിഭാഗങ്ങളിലാണ് ഇടക്കാല ബജറ്റ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ ശക്തമായ വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് കൊണ്ടുപോകാൻ ജനങ്ങൾ മോദി സർക്കാരിന് അതുല്യമായ അവസരമാണ് നൽകിയതെന്നും ധനമന്ത്രി പറഞ്ഞു.
2024-25 സാമ്പത്തിക വർഷം വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ മാറ്റി വെച്ചത്. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കും. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും. നൈപുണ്യ വികസനവും തൊഴിൽ ലഭ്യതയും ലക്ഷ്യവെച്ചു കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ ഉണ്ടായത്.















