ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സുപ്രധാന പ്രഖ്യാപങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമന്റെ ഏഴാം ബജറ്റ്. യുവാക്കൾക്ക് ഇന്റേൺഷിപ്പ് സൗകര്യം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 വൻകിട സ്ഥാപനങ്ങളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യം നൽകുമെന്നും ആദ്യമായി ജോലിക്ക് കയറുന്നവരുടെ ആദ്യമാസത്തെ വേതനം സർക്കാർ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രസർക്കാർ നൽകും. തുക പ്രൊവിഡൻ്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാർക്ക് എത്തിക്കുക. ഇത് എല്ലാ മേഖലയിലുള്ളവർക്കും ബാധകമാണ്. മൂന്ന് ഗഡുക്കളായാണ് തുക നൽകുക. പരമാവധി 15,000 രൂപ വരെ സർക്കാർ നൽകുമെന്നും ഒരു ലക്ഷം രൂപയ്ക്ക് താഴെ ശമ്പളപരിധിയിൽ വരുന്നവരാണ് പദ്ധതിയുടെ ഭാഗമാവുകയെന്നും ധനമന്ത്രി വ്യക്തമാക്കി. തുക നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കും. ഇവർ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തവരാകണമെന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 210 ലക്ഷം യുവാക്കൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെ ശമ്പളം വാങ്ങുന്നവർക്ക് ആദ്യ രണ്ട് വർഷത്തേക്ക് തൊഴിലുടമ നൽകുന്ന പിഎഫ് തുകയിൽ ഒരു വിഹിതം സർക്കാർ നൽകും. പ്രതിമാസം 3,000 രൂപ വീതം രണ്ട് വർഷത്തേക്ക് തൊഴിലുടമയ്ക്ക് നൽകാൻ സർക്കാർ തയ്യാറാണെന്നും പദ്ധതി 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.
കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 500 മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനായി അവസരം ഒരുക്കും. മാസം 5,000 രൂപ സ്റ്റൈപ്പൻഡ് ഉറപ്പാക്കുന്ന തരത്തിലാകും പദ്ധതി. 12 മാസത്തെ ഇന്റേൺഷിപ്പ് കാലയളവിലേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റത്തവണ സഹായമായി 6,000 രൂപ നൽകുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.