മുംബൈ: പാകിസ്താനിലേക്ക് പോകാൻ വ്യാജ രേഖകൾ ചമച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ പാസ്സ്‌പോർട്ടും വിസയും ഉപയോഗിച്ചാണ് യുവതി യാത്ര ചെയ്തതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മഹാരാഷ്‌ട്രയിലെ താനെ സ്വദേശിനിയായ സനം ഖാനാണ് (23) സ്വന്തം പേരുവിവരങ്ങൾ ഉൾപ്പെടെ മാറ്റി ആധാർകാർഡും പാൻ കാർഡും മകളുടെ ജനന സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചത്. ഈ വ്യാജ രേഖകൾ ഉപയോഗിച്ച് ഇവർ പാസ്സ്പോർട്ടിന് അപേക്ഷിക്കുകയായിരുന്നു. വ്യാജ പാസ്സ്‌പോർട്ട് ലഭിച്ച യുവതി ഇതുപയോഗിച്ച് പാകിസ്താനിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പാസ്സ്‌പോർട്ട് ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.















