ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഏത് പാർട്ടി ആയാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ ഹർഷവർദ്ധൻ ശ്രിംഗ്ല. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും, ഇന്ത്യ-യുഎസ് ബന്ധത്തെ അത് എപ്രകാരം സ്വാധീനിച്ചേക്കുമെന്നും തുറന്ന് പറഞ്ഞത്.
” ഡെമോക്രാറ്റ് പാർട്ടിയോ റിപ്പബ്ലിക് പാർട്ടിയോ, അതിൽ ആര് വിജയിച്ചാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കും. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന പാർട്ടികളാണ് ഇരുവരും. അതുകൊണ്ട് ബൈഡനോ, കമല ഹാരിസോ, ട്രംപോ, ആര് ഈ സ്ഥാനത്തേക്ക് എത്തിയാലും അത് ഒരിക്കലും ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല.
ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രാധ്യാന്യത്തോടെ കാണുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ ഭാവിയിലും അത് ശക്തിപ്പെടുക തന്നെ ചെയ്യും. ജോ ബൈഡൻ നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി അടുത്ത് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. കമല ഹാരിസും ഇതേ നയം തന്നെയായിരിക്കും പിന്തുടരുന്നത്. ട്രംപിന്റെ ഭരണകാലത്തും ഇന്ത്യയ്‌ക്ക് പ്രയോജനപ്പെടുന്ന നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ശക്തമായ മത്സരമായിരിക്കും ഇക്കുറി വരാൻ പോകുന്നത്. കമല ഹാരിസ് ബൈഡന്റെ പിൻഗാമിയായി എത്തുമോ എന്ന കാര്യം അടുത്ത മാസം 19ന് നടത്തുന്ന കൺവെൻഷനിലൂടെ അറിയാം. ഇതിലൂടെ വ്യക്തമായ ചിത്രം ലഭിക്കും. കൺവെൻഷന്റെ ഭാഗമാകുന്ന 2000ത്തോളം പ്രതിനിധികളാണ് ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിൽ കമല ഹാരിസിന് ഈ സ്ഥാനത്തേക്ക് മുൻതൂക്കമുണ്ട്. ബൈഡന്റെ പിന്തുണ ലഭിച്ചതുകൊണ്ട് തന്നെ ദേശീയതലത്തിൽ അവരുടെ പേര് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കമല ഹാരിസിന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത കുറവാണെന്നും” ഹർഷവർദ്ധൻ പറയുന്നു.















