ന്യൂഡൽഹി: 1999ലെ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തെ തുരത്തിയോടിച്ച ധീര ജവാന്മാരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനികരുടെ സേവനവും ത്യാഗവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
” ഇന്ന് കാർഗിൽ വിജയ് ദിവസ്. ഇന്ത്യൻ സൈനികർ, പാകിസ്താൻ സൈനികരെ തുരത്തിയോടിച്ച് 25 വർഷങ്ങൾ പിന്നിടുകയാണ് 1999ലെ യുദ്ധത്തിൽ വീറോടെ പോരാടിയ ധീര യോദ്ധാക്കളെ ഞങ്ങൾ ഓർക്കുന്നു. അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും വീര്യവും ദേശസ്‌നേഹവുമാണ് നമ്മുടെ രാജ്യത്തെ എന്നും സുരക്ഷിതമാക്കുന്നത്. അവരുടെ സേവനവും ത്യാഗവും ഓരോ ഭാരതീയനും ഊർജം പകരുന്നു. വരും തലമുറകൾക്ക് പ്രചോദനവും നൽകുന്നു.”- രാജ്‌നാഥ് സിംഗ് കുറിച്ചു.
അതേസമയം കാർഗിൽ വിജയ് ദിവസത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദ്രാസ് സന്ദർശിച്ചു. വീരമൃത്യു വരിച്ച് ധീര യോദ്ധാക്കൾക്ക് പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു.