ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ 3.30 ലക്ഷത്തിലധികം ആളുകൾക്കാണ് പിഴ ചുമത്തിയത്. 5.13 കോടി രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്. രാജ്യസഭയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് എംപി നീരജ് ദാംഗിയുടെ ചോദ്യത്തിന് മറുപടിയായാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ മുറുക്കി തുപ്പുന്ന പാടുകളും വലിച്ചെറിയുന്ന മാലിന്യങ്ങളും വൃത്തിയാക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷം റെയിൽവേ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ അറിയണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ എന്ത് നടപടി സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ശുചിത്വം ഒരു തുടർച്ചയായി പാലിക്കേണ്ട പ്രക്രിയയാണ്, റെയിൽവേ പരിസരം ശരിയായി പരിപാലിക്കുന്നതിനും വൃത്തിയുള്ള അവസ്ഥയിലും നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. റെയിൽവേ പരിസരം വൃത്തിഹീനമാക്കാതിരിക്കാൻ യാത്രക്കാരെ ബോധവത്കരിക്കാൻ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. മുറുക്കാൻ ഉപയോഗവുമായി ബന്ധപ്പെട്ട പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും അശ്വിനി വൈഷ്ണവ് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
“റെയിൽവേ പരിസരത്ത് തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും നിരോധിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മറ്റ് പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന വ്യക്തികളിൽ നിന്നും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി പിഴ ഇടാക്കും,” കേന്ദ്രമന്ത്രി പറഞ്ഞു.
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ 3,30,132 പേർക്ക് പിഴ ചുമത്തി, മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും ഏകദേശം 5.13 കോടി രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രി പറഞ്ഞു. പിഴത്തുക വർദ്ധിപ്പിക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.