ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബെംഗളൂരുവിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ ഉൾക്കൊള്ളുന്നതാണ് നിലവിലെ രാമനഗരജില്ല.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജില്ലയുടെ പേര് മാറ്റാനുള്ള ആവശ്യമടങ്ങിയനിവേദനം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നൽകിയതോടെയാണ് ഇതിനായുളള നീക്കം ശക്തമായത്. ശിവകുമാറിന്റെ സ്വന്തം ജില്ലയാണ് രാമനഗര. കർണാടക സർക്കാരിൽ രാമനഗരയുടെ ചുമതലയുള്ള മന്ത്രിയും ബെംഗളൂരു നഗരവികസന മന്ത്രിയുമാണ് ശിവകുമാർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം പേരുമാറ്റാൻ ആദ്യം നിർദ്ദേശിച്ചത്.
രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് ജില്ല എന്നാക്കാൻ കർണാടക സർക്കാർ അനുമതി നൽകിയതോടെ റവന്യൂ വകുപ്പിന്റെ അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.