ടെൽ അവീവ്: ഇസ്രായേലിലെ ദ്രൂസ് ഗ്രാമത്തിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ്. ഫുട്‌ബോൾ മൈതാനത്തിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. ദാരുണമായ സംഭവമെന്നാണ് വൈറ്റ് ഹൗസ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രായേലിനുള്ള തങ്ങളുടെ പിന്തുണ ഉറച്ചതാണെന്നും, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലെബനൻ ഹിസ്ബുള്ള ഉൾപ്പെടെയുള്ള തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അറിയിച്ചു.
ലെബനനിൽ നിന്നാണ് ഹിസ്ബുള്ള ഭീകരർ ആക്രമണം നടത്തിയത്. 10നും 20നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ എല്ലാവരുമെന്ന് ഇസ്രായേൽ സെനിക വക്താവ് ഡാനിയൽ ഹഗാരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയ്‌ക്ക് ശക്തമായ തിരിച്ചടിയാണ് ഇനി നേരിടേണ്ടി വരികയെന്നും ഡാനിയൽ ഹഗാരി പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിലെ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്നും, തങ്ങൾ ശക്തമായി തിരിച്ചടിക്കാൻ പോവുകയാണെന്നും ഹഗാരി പറയുന്നു.
തീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതിക്ക് നേരെ ഇസ്രായേൽ ഒരിക്കലും നിശബ്ദത പാലിക്കില്ലെന്നും, ഭീകരർക്ക് കനത്ത മറുപടി നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയ്‌ക്ക് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹിസ്ബുള്ളയുടെ വാദം. എന്നാൽ ഇസ്രായേൽ സൈന്യവും പൊലീസും ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. റോക്കറ്റുകൾ തൊടുത്തുവിട്ടത് ലെബനനിൽ നിന്നാണെന്ന് ഇവർ പറയുന്നു.