ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫ് ആക്കിയെന്നും, സംസാരിക്കാൻ അനുവദിച്ചില്ലെന്നുമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണ് മമതയുടെ ശ്രമങ്ങളെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു. നീതി ആയോഗ് യോഗത്തിൽ മമത ബാനർജിയോടുണ്ടായ സമീപനം അംഗീകരാക്കാനാകില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അവർ. മമത ബാനർജി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ് അവരുടെ ശ്രമമെന്നും നിർമ്മല സീതാരാമൻ പരിഹസിച്ചു.
മമത ബാനർജി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, അവർക്ക് സംസാരിക്കാനായി സമയം അനുവദിച്ചുവെന്നും മൈക്ക് ഓഫ് ആക്കിയില്ലെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ” ജയറാം രമേശ്, നിങ്ങൾ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലായിരുന്നു. ബഹുമാനപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞ കാര്യങ്ങൾ ഞങ്ങളെല്ലാവരും കേട്ടതാണ്. അവർക്കായി അനുവദിച്ച മുഴുവൻ സമയവും അവർ സംസാരിച്ചു. ഓരോരുത്തർക്കും മുന്നിലുള്ള സ്‌ക്രീനുകളിൽ സമയം കാണിക്കുന്നുണ്ടായിരുന്നു. ചില മുഖ്യമന്ത്രിമാർ അനുവദിച്ചതിലും അധികം സമയം സംസാരിച്ചിരുന്നു.
അവർ ആവശ്യപ്പെട്ടത് കൊണ്ട് അവർക്ക് കൂടുതൽ സമയം നൽകി. അല്ലാതെ മൈക്ക് ഓഫ് ചെയ്തിട്ടില്ല. മമതയുടെ ആരോപണങ്ങൾ പൂർണമായും തെറ്റാണ്. അവർ യോഗത്തിൽ പങ്കെടുത്തുവെന്നത് സന്തോഷമുള്ള കാര്യമാണ്. ബംഗാളിനും മുഴുവൻ പ്രതിപക്ഷത്തിനും വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നാണ് അവർ പറഞ്ഞത്. അവർ പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ യോഗത്തിന് പുറത്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നത് ഒരു രീതിയിലും അംഗീകരിക്കാനാകില്ല. കാരണം ഇൻഡി സഖ്യത്തെ സന്തോഷിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്നും” നിർമ്മല സീതാരാമൻ വ്യക്തമാക്കി.
സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തുവെന്ന മമതയുടെ ആരോപണങ്ങൾ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി വി ആർ സുബ്രഹ്‌മണ്യവും തള്ളി. ഓരോ മുഖ്യമന്ത്രിമാർക്കും തുല്യ സമയം അനുവദിച്ചിരുന്നുവെന്നും, അതിൽ കൂടുതൽ സംസാരിച്ചിട്ടും മൈക്ക് ഓഫ് ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്‌ക്ക് മുൻപ് സംസാരിക്കാൻ അനുവദിക്കണമെന്ന് മമത ബാനർജി അഭ്യർത്ഥിച്ചിരുന്നു. ഞങ്ങൾ അത് അംഗീകരിച്ചു. സാധാരണ നിലയിൽ ആന്ധ്രപ്രദേശിൽ നിന്ന് തുടങ്ങി അക്ഷരമാലാക്രമത്തിലാണ് ഓരോ സംസ്ഥാനങ്ങളുടേയും പ്രതിനിധികൾക്ക് സംസാരിക്കാനുള്ള സമയം നൽകുന്നത്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രി സംസാരിക്കുന്നതിന് മുൻപായി അവർക്ക് അവസരം നൽകി. ഓരോരുത്തർക്ക് ഏഴ് മിനിറ്റ് വീതമാണ് അനുവദിച്ചത്. സമയം തീർന്നിട്ടും അവർ കൂടുതൽ സംസാരിക്കണമെന്ന് പറഞ്ഞു. അത് ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും മറിച്ചൊരു പരാമർശം നടത്തിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും” അദ്ദേഹം പറഞ്ഞു.