തൃശൂർ: രജിസ്റ്റർ വിവാഹം കഴിഞ്ഞ ശേഷം ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടുള്ള യുവാവിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ദളിത് യുവതി ജീവനൊടുക്കിയതായി പരാതി. പുതുക്കാട് സ്വദേശി അനഘയാണ് മരിച്ചത്. ജനുവരി 4-നാണ് പ്രണയത്തിൽ ആയിരുന്ന അനഘയും ആനന്ദും രജിസ്റ്റർ വിവാഹം ചെയ്തത്.
ഇരുവരുടെയും കുടുംബങ്ങൾ രജിസ്റ്റർ വിവാഹത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഏപ്രിൽ 21ന് വിവാഹം നിശ്ചയം നടത്തി. തുടർന്ന് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ആനന്ദും മാതാവും യുവതിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന യുവതി കഴിഞ്ഞ മാസം 9ന് ബന്ധുവീട്ടിൽ വച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒന്നരമാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.