ന്യൂഡൽഹി: ആംആദ്മി സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കോച്ചിംഗ് സെന്ററിൽ നടന്ന ദുരന്തത്തിന് കാരണമെന്ന് എം.പി ബാൻസുരി സ്വരാജ്. ദേശീയ തലസ്ഥാനത്ത് സമയാസമയം നടത്തേണ്ട പല പ്രവൃത്തികളും പൂർത്തിയാക്കാത്തതാണ് മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നും അവർ ലോക്സഭയിൽ പറഞ്ഞു.
ഉത്തർപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് വന്ന വിദ്യാർത്ഥികളായിരുന്നു ആ കുട്ടികൾ. UPSC പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനാണ് അവരിവിടെ എത്തിയത്. എന്നാൽ ഡൽഹി സർക്കാരിന്റെ പിടിപ്പുകേടു കാരണം അവർക്ക് ജീവൻ നഷ്ടപ്പെട്ടു. ആംആദ്മി പാർട്ടിയുടെ തികഞ്ഞ നിസംഗതയാണ് മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്തത്. ഭരണകക്ഷിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ബാൻസുരി പറഞ്ഞു.
ഒരു ദശാബ്ദത്തോളമായി ഡൽഹിയിൽ അധികാരം ആസ്വദിക്കുകയാണ് ആംആദ്മി സർക്കാർ, പക്ഷെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും അവർ ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ആപ്പിന്റെ കീഴിലാണ് MCD (മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി). ഡൽഹിയിലെ ജലബോർഡും ആംആദ്മി പാർട്ടിക്ക് കീഴിലാണ്. ഓൾഡ് രാജേന്ദ്രനഗറിലെ ജനങ്ങൾ അവരുടെ എംഎൽഎയോടും കൗൺസിലറോടും ഓഫീസർമാരോടും നാളുകളായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ആക്ഷേപഹാസ്യം തുടർന്നതല്ലാതെ യാതൊരു നടപടിയും എംഎൽഎ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സമിതിയെ രൂപീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയാണെന്നും ബാൻസുരി സ്വരാജ് പറഞ്ഞു.















