തിരുവനന്തപുരം: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
പത്ത് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രമാകും സർവ്വീസ്. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകളും ഷൊർണൂർ വരെ മാത്രമാണ് സർവ്വീസ് നടത്തുക.
കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.
തൃശൂർ അകമലയിൽ ട്രാക്കിലേക്ക് വെള്ളം കയറിയതും ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഇതിനെ തുടർന്ന്, ഷൊർണുർ – തൃശ്ശൂർ ട്രെയിൻ ഗതാഗതം മുടങ്ങി. വടക്കഞ്ചേരിക്കടുത്ത് അകമലയിൽ രണ്ട് ട്രാക്കിലെയും ബാലസ്റ്റ് ഒലിച്ചുപോയി. മാന്നനൂരിൽ പാളത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി വച്ചു.