ബെംഗളൂരു : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബന്നാർഘട്ട ‘മക്ന’ എന്ന മോഴയാനയെ ഒടുവിൽ കർണ്ണാടക വനം വകുപ്പ് പിടികൂടി .തിങ്കളാഴ്ച ബന്നാർഘട്ടയിലെ തട്ടഗുപ്പെ വനമേഖലയിൽ വനംവകുപ്പ് നടത്തിയ ഓപ്പറേഷനിലാണ് മോഴയാനയെ (മക്ന)പിടികൂടിയത്. നേരത്തെ ഇതേ മക്‌ന ആന വനപാലകരുടെ വാഹനത്തെ പിന്തുടർന്ന് ആക്രമിച്ചിരുന്നു.
ബന്നാർഘട്ടയിലെ തട്ടഗുപ്പെ വനമേഖലയിൽ വെച്ചാണ് മക്‌നയെ പിടികൂടിയത്. ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വനപാലകർ സഞ്ചരിച്ച വാഹനത്തെ ആന പിന്തുടർന്ന് ആക്രമിച്ചത്. ജീവനക്കാർ കഷ്ടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 10 ദിവസം മുമ്പ് ഈ മക്‌ന ആന ഒരു ഫോറസ്റ്റ് വാച്ചറെ കൊലപ്പെടുത്തിയിരുന്നു. നിലവിൽ ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ ആന സങ്കേതത്തിലേക്കാണ് മക്നയെ മാറ്റിയിരിക്കുന്നത്.
ഡ്രോണിലൂടെ മക്‌നയുടെ സ്ഥാനം തിരിച്ചറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ പാപ്പാന്മാരുമായി മക്‌ന ആനയെ വളഞ്ഞു.ഡോക്ടർമാരുടെ സംഘവും എത്തിയിരുന്നു.ഈ സമയം വെറ്ററിനറി ഡോക്ടറായ ഷാർപ്‌ഷൂട്ടർ രഞ്ജൻ അനസ്‌തെറ്റിക് ഇഞ്ചക്ഷൻ നൽകി. മയക്കുവെടിയേറ്റ ആന ഒരു കി.മീ. തുടർന്ന് സഞ്ചരിച്ചു മയങ്ങി നിന്നു. തുടർന്ന് മക്ന ആനയെ ശാന്തമാക്കി. പിന്നീട് ആനയെ പിടികൂടി ചികിത്സിച്ചു. അതിനു ശേഷം ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ ആന സങ്കേതത്തിലേക്കു മക്നയെ മാറ്റി.
വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച ആനകളായ ഭീമ, മഹേന്ദ്ര എന്നിവ ഉൾപ്പെടെ മറ്റ് ആറ് ആനകളും ഈ ദൗത്യത്തിൽ പങ്കു ചേർന്നു.















