തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഓൺലൈനിലൂടെ തോക്ക് വാങ്ങിയാണ് ഇവർ ആക്രമണം നടത്തിയത്. ഇരയായ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവെയ്പ്പിന് പിന്നിലെന്നാണ് സൂചന.
പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
രണ്ട് തവണയാണ് വെടിവച്ചതെന്നും വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം വലതുകയ്യില്‍ വെടിവയ്‌ക്കുകയായിരുന്നുവെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ശരീരം മുഴുവന്‍ മറച്ചെത്തിയ ദീപ്‌തി അതിവേഗത്തില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ആമസോണിൽ നിന്നുള്ള പ്രൊഡക്ട് നൽകാനുണ്ടെന്നും, ഇതിനായി എത്തിയതാണെന്നുമാണ് ദീപ്തി പറഞ്ഞത്. ഷൈനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. ഷൈനിക്ക് മാത്രമേ പാഴ്സൽ കൈമാറൂ എന്ന് നിർബന്ധം പറഞ്ഞതിനെ തുടർന്നാണ് ഷൈനി എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്‌ക്കുകയും ചെയ്‌തെന്നാണ് ഷൈനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം ഷിനി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഒരു സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് ദീപ്‌തി വഞ്ചിയൂരിൽ എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിന്‍റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാറിന്‍റെതായിരുന്നു ഈ നമ്പർ. ഈ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പേ കോഴിക്കോടുള്ള ഒരാള്‍ക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി.















