വയനാട്: ഉരുൾപൊട്ടലുണ്ടായ അട്ടമലയിൽ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഊർജ്ജിതമെന്നും കെഎസ്ഇബി. ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിലെ വൈദ്യുതി ബന്ധമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.
തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്‌ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
ചൂരൽമലയിലെ താത്കാലിക പാലത്തിലൂടെയാണ് ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചത്. രാവിലെ മുതൽ കെ എസ് ഇ ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വൈദ്യുതി പുഃനസ്ഥാപിച്ചത്. ചൂരൽമല ടൗണിലെ ലൈറ്റുകളും കെഎസ്ഇബി സജ്ജമാക്കി. ഇന്നലെ ചൂരൽ മല ടൗണിൽ കെഎസ്ഇബി വൈദ്യുതി എത്തിച്ചിരുന്നു.
വൈദ്യുതി പുന:സ്ഥാപനം വേഗത്തിലാക്കാനായി മറ്റുഭാഗങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ കെഎസ്ഇബി മലബാർ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിലാണ് ദുരന്തഭൂമിയിൽ കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.