ഷാങ്ഹായ്: 5000 കിലോമീറ്റർ അകലെയുള്ള രോഗിക്ക് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി ഡോക്ടർ. ശ്വാസകോശ അർബുദം ബാധിച്ച രോഗിക്കാണ് ചൈനയിലെ ഷാങ്ഹായ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറും സംഘവും റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്നും 5000 കിലോമീറ്റർ അകലെ കാഷ്ഗർ പ്രവിശ്യയിലുള്ള രോഗിയുടെ ശ്വാസകോശത്തിലുള്ള ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ആശുപത്രിയിലെ തദ്ദേശീയമായി വികസിപ്പിച്ച 5G സർജിക്കൽ റോബോട്ടാണ് ശസ്ത്രക്രിയയിൽ പങ്കാളിയായത്. ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വൻകിട ആശുപത്രികളിലെത്താതെ തന്നെ രോഗികൾക്ക് ലഭ്യമാക്കാമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഷാങ്ഹായ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോ.ലുവോ ക്വിംഗ്ക്വാൻ പറഞ്ഞു. അതേസമയം ശസ്ത്രക്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ചൈനയിൽ നടത്തിയ ശസ്ത്രക്രിയ 5,000 കിലോമീറ്റർ അകലെയാണെങ്കിൽ, അടുത്തിടെ ഇന്ത്യയിൽ നടത്തിയ ശസ്ത്രക്രിയ 40 കിലോമീറ്റർ അകലെയുള്ള രോഗിക്കായിരുന്നു. ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ എസ് കെ റാവൽ ഗുഡ്ഗാവിലും അദ്ദേഹത്തിന്റെ 52 കാരനായ രോഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യയിലും ഇത്തരത്തിൽ ശസ്ത്രക്രിയകൾക്ക് വേണ്ടി തദ്ദേശീയമായി നിർമ്മിച്ച റോബോട്ട് സംവിധാനം ഉണ്ട്. എസ്എസ്ഐ മന്ത്ര എന്ന് പേരിട്ടിരിക്കുന്ന ഈ റോബട്ടിനെ നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ സുധീർ ശ്രീവാസ്തവയാണ്. എസ്എസ്ഐ മന്ത്രയും രോഗിയുടെ അടുത്തില്ലെങ്കിലും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കും. വേർപെടുത്താവുന്ന അഞ്ചിലധികം കൈകളുള്ള ഒരു മോഡുലാർ ഡിസൈനാണ് ഈ സർജിക്കൽ റോബോട്ട്. ഹൃദയ ശസ്ത്രക്രിയക്ക് വരെ ഇതിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.