ന്യൂഡൽഹി: റെയിൽവേ മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 5 വർഷത്തിനിടയിൽ 100 വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ രാജ്യത്തിന് നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2024-25 കാലയളവിലെ ട്രെയിൻ സർവീസുകളുടെ കണക്ക് സംബന്ധിച്ച് ബിജെപി എംപി നീരജ് ശേഖർ അയച്ച കത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നൽകിയത്.
2019 മുതൽ 2024 വരെയുള്ള കാലയളവിൽ 772 ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. ഇതിൽ 100 വന്ദേഭാരത് ട്രെയിനുകളും ഉൾപ്പെടുന്നു. യാത്രാവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ, യാത്രക്കാർക്കായി വിവിധ തരത്തിലുള്ള സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
യാത്രക്കാർക്കായി എക്സ്പ്രസ് ട്രെയിനുകൾ, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, പാസഞ്ചർ, മെമു/ഡെമു തുടങ്ങിയ ട്രെയിൻ സർവീസുകൾ നടത്തി വരുന്നുണ്ട്. 100 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന് നൽകാൻ സാധിച്ചു. ഇനിയും കൂടതൽ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിൽ ഇറങ്ങും. യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള കൂടുതൽ ക്രമീകരണങ്ങൾ ട്രെയിനുകളിൽ ഒരുക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.