വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയിൽ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം. പ്രദേശത്തേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് പെന്റഗൺ അറിയിച്ചു. മേഖലയിലെ സംഘർഷം കുറയ്‌ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്.
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാനും, സീനിയർ കമാൻഡറുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നീക്കം. മേഖലയിൽ സംഘർഷ സാധ്യത ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും, ഇസ്രായേലിന് പ്രതിരോധം ഒരുക്കാനുള്ള പ്രതിബദ്ധത തങ്ങൾക്കുണ്ടെന്നും പെന്റഗൺ പ്രസ് സെക്രട്ടറി സബ്രീന സിംഗ് പറഞ്ഞു.
” മേഖലയിലെ ഞങ്ങളുടെ താത്പര്യങ്ങളേയും അതുപോലെ തന്നെ ഉദ്യോഗസ്ഥരേയും അമേരിക്ക സംരക്ഷിക്കും. സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് പടരരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും” സബ്രീന സിംഗ് വ്യക്തമാക്കി. ക്രൂയിസറുകളും ഡിസ്‌ട്രോയറുകളും പുതിയ ഫൈറ്റർ സ്‌ക്വാഡ്രണും മേഖലയിൽ എത്തിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അറിയിച്ചു.
ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഹിസ്ബുള്ളയും ഇറാനും പ്രഖ്യാപിച്ചത്. എന്നാൽ ഇറാനിൽ നിന്നും ഹിസ്ബുള്ള ഭീകരരിൽ നിന്നുമുള്ള ഭീഷണികളെ വകവയ്‌ക്കുന്നില്ലെന്നും, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. രാജ്യത്ത് നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഹമാസും, ഹിസ്ബുള്ളയും, യെമനിലെ ഹൂതി വിമതരും ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.