മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിനിരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തത്തിന് ശേഷം ചൂരൽമലയിലെയും സമീപപ്രദേശത്തെയും വീടുകളിൽ മോഷണം നടന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ശനിയാഴ്ച ചൂരൽമലയിലെ അടച്ചിട്ട ഒരു വീട് കുത്തിത്തുറന്നും മോഷണം നടന്നു. പകലായിരുന്നു മോഷണം. ഇബ്രാഹിം എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ബെയ്‌ലി പാലത്തിന് മൂന്ന് കെട്ടിടങ്ങൾക്കപ്പുറമാണ് മോഷണം നടന്ന വീട്. കറണ്ടും വെളളവും ഇല്ലാത്തിനാൽ ഇബ്രാഹിം മകന്റെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ വളർത്തുപൂച്ചയുളളതിനാൽ ഇവയ്‌ക്ക് ആഹാരം കൊടുക്കാൻ രാവിലെയും ഉച്ചയ്‌ക്കും വന്നു. ഇതിന് ശേഷം വീണ്ടും എത്തിയപ്പോഴാണ് വീട് തുറന്നിട്ട നിലയിൽ കണ്ടത്.
കുറച്ചു പണവും രേഖകളും നഷ്ടമായെന്ന് ഇബ്രാഹിം പറഞ്ഞു. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നിർദ്ദേശം.















