ന്യൂഡൽഹി : ടാറ്റയുടെ അർദ്ധചാലക യൂണിറ്റിന്റെ ‘ഭൂമി പൂജ’ അസമിൽ . 27,000 കോടി രൂപ മുതൽമുടക്കിൽ മൊറിഗാവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത് . നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടത്തുമെന്നും , 2025 ഓടെ പ്ലാന്റ് കാര്യക്ഷമമാകുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
ചന്ദ്രശേഖരനൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഭൂമിപൂജയിൽ പങ്കെടുത്തു. 15,000 പേർക്ക് നേരിട്ടും 11,000 മുതൽ 13,000 പേർക്ക് വരെ പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പ്ലാന്റ് .
“അർദ്ധചാലക വ്യവസായം ഭാവിയിലേക്കുള്ള അടിസ്ഥാന വ്യവസായമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലും വ്യാവസായിക ജീവിതത്തിലും നാം ചെയ്യുന്ന എല്ലാറ്റിന്റെയും ഭാഗമാണ് ചിപ്പുകൾ. ഇലക്ട്രോണിക്സ് വ്യവസായം, ഓട്ടോമൊബൈൽ, മൊബൈൽ സാങ്കേതികവിദ്യ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, അല്ലെങ്കിൽ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തിനും ഒരു ചിപ്പ് ഉണ്ടായിരിക്കും, ഒന്നിലധികം ചിപ്പുകൾ, ഈ സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്വീകരിക്കുന്നതോടെ ഇതിനെല്ലാം ആക്കം കൂടും- ടാറ്റ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.
‘ നരേന്ദ്ര മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ വളരെ ധീരമായ ഒരു ചുവടുവെപ്പ് നടത്തി. ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ടാറ്റ ഗ്രൂപ്പ് അങ്ങേയറ്റം നന്ദിയും അഭിമാനവും പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ വലേരയിലും ഞങ്ങൾ ഒരു ഫാബ് ആരംഭിക്കും . തുടർന്ന് ഞങ്ങൾ ഒരു ഡിസൈൻ ഹൗസും സ്ഥാപിക്കുന്നു. ”അദ്ദേഹം പറഞ്ഞു.
പ്ലാൻ്റ് വളരെ വലുതായിരിക്കുമെന്നും പ്രതിദിനം 4.83 കോടി ചിപ്പുകൾ നിർമ്മിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഈ പ്ലാൻ്റിന്റെ പ്രത്യേകത, ഈ പ്ലാൻ്റിൽ വിന്യസിക്കുന്ന മൂന്ന് പ്രധാന സാങ്കേതിക വിദ്യകളും ഇന്ത്യയിൽ വികസിപ്പിച്ചതാണ് എന്നതാണ്. ഈ പ്ലാൻ്റിൽ നിർമ്മിക്കുന്ന ചിപ്പുകൾ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.